നമ്മുടെ അയൽക്കാരെ സ്നേഹിക്കുക
കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് സാമൂഹിക അകലം പാലിക്കലിന്റെയും ലോക്ക്ഡൗണിന്റെയും ദിവസങ്ങളിൽ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തന്റെ “ബർമിംഗ്ഹാം ജയിലിൽ നിന്നെഴുതിയ കത്തിൽ’’ എഴുതിയ വാക്കുകൾ സത്യമായി. അനീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, മറ്റൊരു നഗരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്കപ്പെടാതെ ഒരു നഗരത്തിൽ വെറുതെ ഇരിക്കുവാൻ തനിക്കു കഴികയില്ലെന്ന്, അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം പരസ്പര ബന്ധത്തിന്റെ ഒഴിവാക്കാനാകാത്ത ശൃംഖലയിൽ അകപ്പെട്ടിരിക്കുന്നു,’’ അദ്ദേഹം പറഞ്ഞു, “വിധിയുടെ ഒരൊറ്റ വസ്ത്രത്താൽ കൂട്ടിക്കെട്ടപ്പെട്ടിരിക്കുന്നു. ഒരാളെ നേരിട്ട് ബാധിക്കുന്നതെന്തും പരോക്ഷമായി നമ്മെയെല്ലാം ബാധിക്കുന്നു.’’
അതുപോലെ, വൈറസ് പടരുന്നത് തടയാൻ ലോകമെമ്പാടുമുള്ള നഗരങ്ങളും രാജ്യങ്ങളും അടച്ചതിനാൽ കോവിഡ് 19 മഹാമാരി നമ്മുടെ ബന്ധത്തെ എടുത്തുകാണിച്ചു. ഒരു നഗരത്തെ ബാധിച്ചത് താമസിയാതെ മറ്റൊരു നഗരത്തെ ബാധിച്ചേക്കാം.
അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ്, മറ്റുള്ളവരെ എങ്ങനെ കരുതണമെന്ന് ദൈവം തന്റെ ജനത്തോട് നിർദ്ദേശിച്ചു. മോശയിലൂടെ, യിസ്രായേല്യരെ നയിക്കാനും ഒരുമിച്ച് ജീവിക്കുന്നതിനു സഹായിക്കാനുമുള്ള നിയമം അവിടുന്നു നൽകി. “കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കർഷിക്കരുതു’’ (ലേവ്യപുസ്തകം 19:16); “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം’’ (വാ. 18). ആളുകൾ തങ്ങളുടെ ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവനെ വിലമതിച്ച് അവരെ കരുതുന്നില്ലെങ്കിൽ സമൂഹങ്ങൾ തകരാൻ തുടങ്ങുമെന്ന് ദൈവത്തിന് അറിയാമായിരുന്നു.
നമുക്കും ദൈവത്തിന്റെ നിർദേശങ്ങളുടെ ജ്ഞാനം ഉൾക്കൊള്ളാൻ കഴിയും. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, മറ്റുള്ളവരെ എങ്ങനെ നന്നായി സ്നേഹിക്കാമെന്നും സേവിക്കാമെന്നും അവിടുത്തോട് ചോദിക്കുമ്പോൾ, നമ്മൾ അവരുമായി എത്രമാത്രം പരസ്പരബന്ധിതരാണെന്ന് നമുക്ക് ഓർമ്മിക്കാൻ കഴിയും.
തിങ്കളാഴ്ചയ്ക്കുവേണ്ടി നന്ദിയുള്ളവരാകുക
തിങ്കളാഴ്ചകളെ ഞാൻ ഭയപ്പെട്ടിരുന്നു. ചില സമയങ്ങളിൽ, മുമ്പു ഞാൻ ചെയ്തിരുന്ന ജോലിക്കു പോകാനായി ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ, ഞാൻ കുറച്ച് നേരം സ്റ്റേഷനിൽ ഇരുന്ന്, കുറച്ച് മിനിറ്റുകളെങ്കിലും ഓഫീസിലെത്തുന്നതു വൈകിപ്പിക്കാൻ ശ്രമിച്ചിരുന്നു. ജോലികൾ സമയത്തു തീർക്കുന്നതിനെക്കുറിച്ചും ക്ഷിപ്രകോപിയായ ഒരു ബോസിന്റെ മാനസികാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും വേവലാതിപ്പെടുമ്പോൾ എന്റെ ഹൃദയം അതിദ്രുതം മിടിക്കും.
നമ്മിൽ ചിലർക്ക്, മറ്റൊരു മടുപ്പിക്കുന്ന ജോലിവാരം ആരംഭിക്കുന്നത് പ്രത്യേകിച്ച് ബുദ്ധിമുട്ടായിരിക്കും. നമ്മുടെ ജോലി നമുക്ക് അമിതമായോ അല്ലെങ്കിൽ അംഗീകരിക്കപ്പെടാത്തതായോ തോന്നിയേക്കാം. ശലോമോൻ രാജാവ് ജോലിയുടെ അദ്ധ്വാനത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം? അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല’’ (സഭാപ്രസംഗി 2:22-23).
ജ്ഞാനിയായ രാജാവ് ജോലിയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനോ കൂടുതൽ പ്രതിഫലദായകമാക്കുന്നതിനോ ഉള്ള പ്രതിവിധി നൽകിയില്ലെങ്കിലും, കാഴ്ചപ്പാടിൽ ഒരു മാറ്റം അവൻ വാഗ്ദാനം ചെയ്തു. നമ്മുടെ ജോലി എത്ര പ്രയാസമേറിയതാണെങ്കിലും, ദൈവത്തിന്റെ സഹായത്താൽ അതിൽ “സംതൃപ്തി കണ്ടെത്തുന്നതിന്’’ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു (വാ. 24). ക്രിസ്തുവിനെപ്പോലെയുള്ള സ്വഭാവം പ്രകടിപ്പിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുമ്പോൾ ഒരുപക്ഷേ അതു സംഭവിക്കും. അല്ലെങ്കിൽ നമ്മുടെ സേവനത്തിലൂടെ അനുഗ്രഹിക്കപ്പെട്ട ഒരാളിൽ നിന്ന് കേൾക്കുമ്പോൾ അതു സംഭവിക്കും. അതുമല്ലെങ്കിൽ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തെ നേരിടാൻ ദൈവം നൽകിയ ജ്ഞാനം നാം ഓർക്കുമ്പോഴായിരിക്കാം അത്. നമ്മുടെ ജോലി പ്രയാസകരമാണെങ്കിലും, നമ്മുടെ വിശ്വസ്തനായ ദൈവം നമ്മോടൊപ്പമുണ്ട്. അവിടുത്തെ സാന്നിധ്യത്തിനും ശക്തിക്കും ഇരുണ്ട ദിവസങ്ങളെപ്പോലും പ്രകാശിപ്പിക്കാൻ കഴിയും. അവിടുത്തെ സഹായത്താൽ, തിങ്കളാഴ്ചയ്ക്കു നമുക്ക് നന്ദിയുള്ളവരായിരിക്കാം.
നരകത്തിൽ നിന്നുള്ള പ്രതീക്ഷ
1979 ൽ പുരാവസ്തു ഗവേഷകനായ ഗബ്രിയേൽ ബാർകെ രണ്ട് ചെറിയ വെള്ളിച്ചുരുളുകൾ കണ്ടെത്തി. ലോഹ ചുരുളുകൾ ശ്രദ്ധാപൂർവ്വം അഴിക്കാൻ വർഷങ്ങളെടുത്തു, ഓരോന്നിലും സംഖ്യാപുസ്തകം 6:24-26 ൽ നിന്നുള്ള അനുഗ്രഹത്തിന്റെ ഒരു എബ്രായ കൊത്തുപണി അടങ്ങിയിരിക്കുന്നതായി കണ്ടെത്തി, “യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.’’ ബിസി ഏഴാം നൂറ്റാണ്ടിലേതാണ് ഈ ചുരുളുകൾ എന്ന് പണ്ഡിതന്മാർ കണക്കാക്കുന്നു. ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള തിരുവെഴുത്തുകളാണവ.
അവ എവിടെയാണ് കണ്ടെത്തിയത് എന്നതും ഒരുപോലെ താല്പര്യജനകമാണ്. ഹിന്നോം താഴ്വരയിലെ ഒരു ഗുഹയിൽ നിന്നാണ് ബാർക്കെ ഇതു കണ്ടെത്തിയത്. ഇവിടെയാണ് യെഹൂദാജനം തങ്ങളുടെ മക്കളെ ബലിയർപ്പിച്ചത്. അതിനു ശിക്ഷയായി അവിടെവെച്ചു തന്നേ ദൈവം അവരെ കൊല്ലുമെന്ന് യിരെമ്യാ പ്രവാചകൻ പ്രവചിച്ചിരുന്നു (യിരെമ്യാവ് 19:4-6). നരകത്തിന്റെ ചിത്രമായി യേശു “ഗെഹെന്ന’’ (“ഹിന്നോം താഴ്വര” എന്നതിന്റെ എബ്രായ നാമത്തിന്റെ ഗ്രീക്ക് രൂപം) എന്ന പദം ഉപയോഗിക്കത്തക്കവിധം അത്രയ്ക്കു ദുഷ്ടതനിറഞ്ഞ സ്ഥലമായിരുന്നു ഈ താഴ്വര (മത്തായി 23:33).
ഈ സ്ഥലത്ത്, യിരെമ്യാവ് തന്റെ ജനതയുടെ മേലുള്ള ദൈവത്തിന്റെ ന്യായവിധി പ്രഖ്യാപിക്കുന്ന സമയത്ത്, ആരോ അതിന്റെ ഭാവി അനുഗ്രഹം വെള്ളിച്ചുരുളുകളിൽ കൊത്തിവെക്കുകയായിരുന്നു. അവരുടെ ജീവിതകാലത്ത് അത് സംഭവിക്കില്ലായിരിക്കാം, എന്നാൽ ഒരു ദിവസം - ബാബിലോണിയൻ അധിനിവേശത്തിന്റെ അങ്ങേപ്പുറത്ത് - ദൈവം തന്റെ ജനത്തിന്റെ നേരെ മുഖം തിരിച്ച് അവർക്ക് സമാധാനം നൽകും.
നമുക്കുള്ള പാഠം വ്യക്തമാണ്. സംഭവിക്കാനുള്ള കാര്യങ്ങൾ നാം അർഹിക്കുന്നവയാണെങ്കിൽപ്പോലും നമുക്കു ദൈവത്തിന്റെ വാഗ്ദാനത്തെ മുറുകെ പിടിക്കാൻ കഴിയും. അവിടുത്തെ ഹൃദയം എപ്പോഴും തന്റെ ജനത്തിനായി തുടിക്കുന്നു.
ഓട്ടം ഓടുക
ഭാര്യയെയും മകനെയും മകളെയും നഷ്ടപ്പെട്ട ദുരന്തങ്ങളുടെ ഒരു പരമ്പരയ്ക്കു ശേഷം, 89 വയസ്സുള്ള ഫൗജ സിംഗ് തന്റെ ഓട്ടത്തോടുള്ള അഭിനിവേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. പഞ്ചാബി ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ സിംഗ് ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തൺ പൂർത്തിയാക്കുന്ന ആദ്യത്തെ 100 വയസ്സുകാരനായി. ഒരുപക്ഷേ ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരികവും മാനസികവുമായ അച്ചടക്കവും മത്സരാധിഷ്ഠിത നേട്ടം കൈവരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. തളർന്ന കാലുകൾ കാരണം 5 വയസ്സു വരെ സിംഗിന് നടക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ പലപ്പോഴും കളിയാക്കുകയും “വടി’’ എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നേട്ടങ്ങൾ കാരണം സിംഗ് ഇപ്പോൾ “തലപ്പാവു ധരിച്ച ടൊർണാഡോ’’ എന്നാണ് അറിയപ്പെടുന്നത്.
അപ്പൊസ്തലനായ പൗലൊസ് തന്റെ കാലഘട്ടത്തിൽ, സമാന രീതിയിൽ അച്ചടക്കം പ്രകടിപ്പിക്കുന്ന കായികതാരങ്ങളെ തിരിച്ചറിഞ്ഞു (1 കൊരിന്ത്യർ 9:24). എന്നാൽ അവർ എത്ര പരിശീലിച്ചാലും ആത്യന്തികമായി അവരുടെ മഹത്വം മങ്ങിപ്പോകുന്നതും അവൻ കണ്ടു. നേരെമറിച്ച്, നിത്യതയെ ബാധിക്കുന്ന വിധത്തിൽ യേശുവിനുവേണ്ടി ജീവിക്കാനുള്ള അവസരമാണ് നമുക്കുള്ളതെന്ന് അവൻ പറഞ്ഞു. നൈമിഷിക മഹത്വത്തിനായി പരിശ്രമിക്കുന്ന കായികതാരങ്ങൾക്ക് അതിനായി കഠിനാധ്വാനം ചെയ്യാൻ കഴിയുമെങ്കിൽ, എന്നേക്കും നിലനിൽക്കുന്ന ഒരു കിരീടത്തിനായി ജീവിക്കുന്നവർ എത്രയധികം പ്രവർത്തിക്കണമെന്ന് പൗലൊസ് സൂചിപ്പിക്കുന്നു (വാ. 25).
രക്ഷ നേടാൻ നാം പരിശീലിക്കുന്നില്ല. നേരെ മറിച്ചാണ്: നമ്മുടെ രക്ഷ എത്ര അത്ഭുതകരമാണെന്ന് നാം തിരിച്ചറിയുമ്പോൾ, അത് നമ്മുടെ മുൻഗണനകളെയും വീക്ഷണങ്ങളെയും നാം ജീവിക്കുന്ന കാര്യങ്ങളെയും പുനർരൂപകൽപ്പന ചെയ്യുന്നു. നാം ഓരോരുത്തരും ദൈവശക്തിയിൽ നമ്മുടെ വിശ്വാസത്തിന്റെ ഓട്ടം വിശ്വസ്തതയോടെ ഓടാനാരംഭിക്കുന്നു.
ദൈവം നമ്മുടെ വേദന വീണ്ടെടുക്കുന്നു
ഒരു സ്നേഹിതൻ, തന്റെ ഡെന്റൽ ഉപകരണങ്ങൾ കാറിൽ കയറ്റുന്നത് ഒലിവ് നോക്കിനിന്നു. ഒരു സഹ ദന്തഡോക്ടറായ അയാൾ, അവളുടെ പുതിയ ഡെന്റൽ ഉപകരണങ്ങൾ വാങ്ങുകയായിരുന്നു. സ്വന്തമായി പ്രാക്ടീസ് വർഷങ്ങളായി ഒലിവിന്റെ സ്വപ്നമായിരുന്നു, എന്നാൽ അവളുടെ മകൻ കെയ്ൽ സെറിബ്രൽ പാൾസി ബാധിച്ച് ജനിച്ചപ്പോൾ, അവനെ പരിപാലിക്കാൻ ജോലി നിർത്തണമെന്ന് അവൾ മനസ്സിലാക്കി.
“എനിക്ക് ഒരു ദശലക്ഷം ജീവിതകാലം ഉണ്ടായിരുന്നെങ്കിൽപ്പോലും, ഞാൻ അതേ തിരഞ്ഞെടുപ്പ് നടത്തുമായിരുന്നു,’’ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു. “എന്നാൽ ദന്തചികിത്സ ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. അത് ഒരു സ്വപ്നത്തിന്റെ മരണമായിരുന്നു.’’
പലപ്പോഴും നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത ബുദ്ധിമുട്ടുകളിലൂടെ നാം കടന്നുപോകുന്നു. ഒലിവിനെ സംബന്ധിച്ചിടത്തോളം, അതു തന്റെ കുട്ടിയുടെ അപ്രതീക്ഷിതമായ രോഗാവസ്ഥയുടെയും സ്വന്തം അഭിലാഷങ്ങൾ ഉപേക്ഷിച്ചതിന്റെയും ഹൃദയവേദനയായിരുന്നു. നൊവൊമിയെ സംബന്ധിച്ചിടത്തോളം, അതു തന്റെ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടതിന്റെ ഹൃദയവേദനയായിരുന്നു. രൂത്ത് 1:210 ൽ അവൾ വിലപിച്ചു, “സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു.’’
എന്നാൽ നൊവൊമിയുടെ കഥയിൽ അവൾക്ക് കാണാൻ കഴിയുന്നതിലും കൂടുതൽ ഉണ്ടായിരുന്നു. ദൈവം അവളെ കൈവിട്ടില്ല; അവൻ അവൾക്ക് ഓബേദ് എന്ന ഒരു കൊച്ചുമകനെ നൽകി അവളെ യഥാസ്ഥാനപ്പെടുത്തി (രൂത്ത് 4:17). ഓബേദ് നൊവൊമിയുടെ ഭർത്താവിന്റെയും മകന്റെയും പേര് വഹിക്കുക മാത്രമല്ല, അവനിലൂടെ അവൾ യേശുവിന്റെ തന്നെ ഒരു പൂർവ്വികന്റെ (ബോവസ്) ബന്ധുവാകയും ചെയ്യും (മത്തായി 1:5, 16).
ദൈവം നൊവൊമിയുടെ വേദന വീണ്ടെടുത്തു. ന്യൂറോളജിക്കൽ അവസ്ഥകളുള്ള കുട്ടികൾക്കായി ഒരു ശുശ്രൂഷ ആരംഭിക്കാൻ അവളെ സഹായിച്ചുകൊണ്ട് ഒലിവിന്റെ വേദനയും അവിടുന്നു വീണ്ടെടുത്തു. ഹൃദയവേദനയുടെ കാലങ്ങൾ നാം അനുഭവിച്ചേക്കാം, എന്നാൽ നാം ദൈവത്തെ അനുസരിക്കുകയും അനുഗമിക്കുകയും ചെയ്യുമ്പോൾ, അവിടുത്തേക്കു നമ്മുടെ വേദന വീണ്ടെടുക്കാൻ കഴിയുമെന്ന് നമുക്കു വിശ്വസിക്കാൻ കഴിയും. അവന്റെ സ്നേഹത്തിലും ജ്ഞാനത്തിലും, അതിൽ നിന്ന് നന്മ പുറപ്പെടുവിക്കാൻ അവനു കഴിയും.